ഫ്‌ളോറിഡ: വീട്ടില്‍ നിന്ന് 11 ലക്ഷം രൂപ മോഷ്ടിച്ച് സഹപാഠികള്‍ക്ക് വിതരണം ചെയ്ത് 14കാരി.  മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന പണമാണ് കുട്ടി തട്ടിയെടുത്ത് സ്‌കൂളിലെ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. മുത്തശ്ശി വീട് വിറ്റ് നേടിയ ആജീവനാന്തകാല സമ്പാദ്യമാണ് പേരക്കുട്ടി സ്വന്തമാക്കിയത്. യുഎസിലൈ ഫ്‌ളോറിഡയിലാണ് സംഭവം. പണം നഷ്ടമായ വിവരം പുറത്തറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് കുറച്ച് പണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയോളം കണ്ടെത്തിയെന്നാണ് വിവരം. പണം നഷ്ടമായതോടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. സ്വന്തം കുട്ടികളോട് ഇക്കാര്യം ചോദിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെ ഒരു കുട്ടിയുടെ മാതാവ് നല്‍കിയ വിവരമാണ് കേസില്‍ വഴിത്തിരിവായത്. തനിക്ക് 100 ഡോളര്‍ വേണോയെന്ന് തന്റെ കുട്ടി ചോദിച്ചെന്നും പണം കണ്ടതോടെ ഇത് മോഷ്ടിച്ചതാകും എന്ന് സംശയിച്ചതായും രക്ഷിതാവായ മിഷേല്‍ സ്പളൗഡിങ് പറഞ്ഞു. പിന്നാലെ മിഷേല്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. പണം നഷ്ടമായ കുടുംബത്തെ ഓര്‍ത്ത് തനിക്ക് വിഷമമുണ്ടെന്ന് മിഷേല്‍ പറഞ്ഞു. അവര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. 

അന്വേഷണം പെണ്‍കുട്ടിയിലെത്തിയതോടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. പണം തനിക്ക് ഒരു സുഹൃത്ത് നല്‍കിയതാണെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, മുത്തശ്ശിയുടെ അറിവോടെയാണ് പണം വിതരണം ചെയ്യുന്നതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ കുട്ടി സമ്മതിച്ചിരുന്നു. പിന്നാലെ ഒക്ടോബര്‍ 21ന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. ഒരു വിദ്യാര്‍ത്ഥി 16,000 രൂപ തിരികെ നല്‍കിയിട്ടുണ്ട്. നഷ്ടമായ ബാക്കി പണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷ്ടിച്ച പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ രക്ഷിതാക്കളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.