50 വര്‍ഷം മുമ്പ് തിരിവാരൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട രണ്ട് പുരാതന വിഗ്രഹങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് തമിഴ്നാട് പോലീസിന്റെ സിഐഡി (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍) വിഗ്രഹ വിഭാഗം , യുഎസ്ആസ്ഥാനമായുള്ള ഒരു മ്യൂസിയത്തിനും ലേല കമ്പനിക്കും കത്തയച്ചു.ലോസ് ഏഞ്ചല്‍സിലെ ലാക്മ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ട് വിഗ്രഹങ്ങള്‍ തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി താലൂക്കിലെ അരുള്‍മിഗു വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണെന്ന് വിഗ്രഹ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ക്ഷേത്രത്തിലെ മൂന്ന് പുരാതന ലോഹ വിഗ്രഹങ്ങള്‍ മോഷ്ടിക്കുകയും പകരം വ്യാജ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി ക്ഷേത്രത്തിലെ ‘സോമസ്‌കന്ദര്‍’ വിഗ്രഹവും ‘നൃത്തം ചെയ്യുന്ന സംബന്ധര്‍’ വിഗ്രഹവും സമാനമായ രീതിയില്‍ മോഷണം പോയിരിക്കാമെന്ന് പരിശോധനയില്‍ സൂചന ലഭിച്ചതായി വിഗ്രഹ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ രേഖകളില്‍ ചിത്രങ്ങളില്ലാത്തതിനാല്‍ സിഐഡി വിഗ്രഹ വിഭാഗം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരി (എഫ്ഐപി) വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടു.തുടര്‍ന്ന് അന്വേഷണ സംഘം ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ആര്‍ട്ട് ഗാലറികളിലും ലേലശാലകളിലുള്‍പ്പെടെ വിഗ്രഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ സാക്ക്‌ലര്‍ മ്യൂസിയത്തിന്റെയും ക്രിസ്റ്റീസ് ഡോട്ട് കോമിന്റെയും വെബ്സൈറ്റുകളില്‍ സമാനമായ വിഗ്രഹങ്ങളുടെ ഫോട്ടോകള്‍ കണ്ടെത്തി.

സോമസ്‌കന്ദര്‍’, ‘നൃത്ത സംബന്ധര്‍’ എന്നീ രണ്ട് വിഗ്രഹങ്ങളായിരുന്നു അത്.വിഗ്രഹങ്ങളുടെ ഉടമസ്ഥാവകാശം തമിഴ്നാട് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് കാണിച്ച് വിഗ്രഹ വിഭാഗം അമേരിക്കയിലേക്ക് രേഖകള്‍ തയ്യാറാക്കി സമര്‍പ്പിച്ചു.യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ഉടമ്പടി പ്രകാരം വിഗ്രഹങ്ങള്‍ വീണ്ടെടുത്ത് തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിയിലുള്ള ആലത്തൂര്‍ അരുള്‍മിഗു വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.