ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ശിലാഗം പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്ന് 40 കുരങ്ങുകളുടെ ജഡം നാട്ടുകാര്‍ കണ്ടെത്തി. കുരങ്ങന്മാര്‍ക്ക് വിഷം കൊടുത്തതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏതാനും കുരങ്ങുകള്‍ കൂടി അബോധാവസ്ഥയില്‍ കിടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അബോധാവസ്ഥയിലായ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാനുള്ള ശാരീരികാവസ്ഥ കുരങ്ങുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വനംവകുപ്പ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച ശേഷം മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്തു.

”ജില്ലയില്‍ ഇത്തരമൊരു സംഭവം മുമ്പെങ്ങും കണ്ടിട്ടില്ല. ആരോ കുരങ്ങുകളെ ട്രാക്ടറില്‍ കൊണ്ടുവന്ന് ഗ്രാമ വനമേഖലയ്ക്ക് സമീപം ഉപേക്ഷിച്ചതാണ്. ഈ സംഭവത്തില്‍ 40 മുതല്‍ 45 വരെ കുരങ്ങുകള്‍ ചത്തതായി കണ്ടെത്തി. ”- ശ്രീകാകുളം കാസിബുഗ ഫോറസ്റ്റ് ഓഫീസര്‍ മുരളി കൃഷന്‍ പറഞ്ഞു.

കുരങ്ങുകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 5 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. അനിമല്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ഫോറസ്റ്റ് ഓഫീസര്‍ വ്യക്തമാക്കി.