കൊച്ചി: എറണാകുളം അതിരൂപത വൈദീകരുടെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് വിശ്വാസികളുടെ സംയുക്ത സംഘടന കോർഡിനേഷൻ സമിതി. അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ പൂർണ്ണമായും ബഹിഷ്കരിക്കാനും ഇടവകകളിൽ നിന്ന് അതിരൂപതക്ക് നൽകാനുള്ള മുഴുവൻ ഫീസുകളും നിർത്തി വയ്ക്കാനുമുള്ള തീരുമാനം വൈദീകരുടെ മാത്രം തീരുമാനം അല്ലെന്നും അത് മുഴുവൻ ഇടവക പ്രതിനിധിയോഗത്തിന്റെയും തീരുമാനം തന്നെ ആണെന്നും അല്മായ മുന്നേറ്റം സംയുക്ത കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

എറണാകുളം അതിരൂപതയിലെ വിശ്വാസികൾക്ക് സീറോ മലബാർ സഭാ നേതൃത്വത്തിലും ഓറിയന്റാൽ കോൺഗ്രയേഷനിലും ഉള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. അതിനാൽ എറണാകുളം അതിരൂപതയുടെ ഭരണം മാർപ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ കൊണ്ട് വരണമെന്നും, ഈ അതിരൂപതയെ ഒരു ലിറ്റർജിക്കൽ വേരിയന്റ് ആയി അംഗീകരിക്കണമെന്നും വിശ്വാസികളുടെ കോർഡിനേഷൻ സമിതി ആവശ്യപ്പെട്ടു.

ഈ തീരുമാനം കഴിഞ്ഞ കുറച്ചു നാളുകളായി വിശ്വാസികൾ നിരന്തരം പള്ളി യോഗങ്ങളിൽ പറയുന്നത് ആണ്. പക്ഷെ അതിന് തടസ്സം നിന്നിരുന്നത് പലപ്പോളും വൈദീകർ തന്നെ ആയിരുന്നു. ഇപ്പോൾ വൈദീകരും പൂർണ്ണമായി ഈ തീരുമാനം അംഗീകരിക്കുകയാണുണ്ടായത്. വിശ്വാസികളുടെ നേർച്ച പണം ഉപയോഗിച്ച് മെത്രാൻമാർ നടത്തുന്ന ആർഭാടജീവിതം ഞങ്ങളുടെ ചെലവിൽ വേണ്ടെന്നും, ജീവിതത്തിൽ ഒരു രൂപക്ക് പോലും അധ്വാനിക്കാതെ വിശ്വാസികളുടെ പണം ഉപയോഗിച്ച് ധൂർത്തടിച്ചു ജീവിക്കുന്ന മെത്രാൻ ഞങ്ങളുടെ മേൽ അടിച്ചമർത്തൽ ഭരണം നടത്താൻ ഇനി അനുവദിക്കില്ലെന്നും അല്മായ മുന്നേറ്റം അറിയിച്ചു. എറണാകുളം അതിരൂപതയുടെ ഇനിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുറമേ നിന്നുള്ള ഒരു അധികാരകേന്ദ്രത്തെയും അംഗീകരിക്കുകയില്ലെന്നും, ഞങ്ങളുടെ അതിരൂപതയെ നയിക്കാൻ ഈ രൂപതകാരനായ വിശ്വാസികളെയും വൈദികരെയും കേൾക്കുന്ന വ്യക്തിയെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും അല്മായ മുന്നേറ്റം സംയുക്ത യോഗം അറിയിച്ചു.

എറണാകുളം അതിരൂപതയുടെ ഭൂമി വില്പനയിലെ അഴിമതിക്ക് കേസിൽ കർദിനാൾ ആലഞ്ചേരി ഞങ്ങളുടെ പണം ഉപയോഗിച്ച് കേസ് നടത്തിയത് വിശ്വാസികളുടെ നേതൃത്വത്തിൽ ആണ് നിർത്തലാക്കിയത്. പക്ഷെ ഇപ്പോളും മൗണ്ട് സെന്റ് തോമസിൽ നിന്ന് വിശ്വാസികളുടെ പണം ഉപയോഗിച്ച് ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന വക്കീലുമാരാണ് കർദിനാൾ ആലഞ്ചേരിക്ക് വേണ്ടി ഇന്ത്യയിലെ വിവിധ കോടതികളിൽ കേസുകൾ നടത്തുന്നത്. അത് കൊണ്ട് തന്നെ എറണാകുളം അതിരൂപതയിൽ സിനഡിന്റെയും മാർ ആൻഡ്രൂസ് താഴത്തിന്റെയും ഹിഡൻ അജണ്ട അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന് ഇവിടെയുള്ള വിശ്വാസികളുടെ പണം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ കൂടിയ ബസിലിക്ക കൂട്ടായ്മ, പീപ്പിൾ ഓഫ് ഗോഡ്, KCYM, CLC, CML, DCMS എന്നീ സംഘടനകളുടെ സംയുക്ത യോഗം തീരുമാനം എടുത്തു.

പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ് ഉത്ഘാടനം ചെയ്ത യോഗത്തിൽ അല്മായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, സെക്രട്ടറി ജോൺ കല്ലൂക്കാരൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ, ഷൈജു ആന്റണി, ബോബി മലയിൽ, ബസിലിക്ക കൂട്ടായ്മ കൺവീനർ തങ്കച്ചൻ പേരയിൽ, ബെന്നി വാഴപ്പിള്ളി, വിജിലൻ ജോൺ, നിമ്മി ആന്റണി എന്നിവർ പ്രസംഗിച്ചു.