വാഷിങ്ടൺ: 2024ലെ തെരഞ്ഞെടുപ്പിൽ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്‌സസിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം ഇനിയും ട്രംപ് അംഗീകരിച്ചിട്ടില്ല.

‘രണ്ട് തവണ ഞാൻ മത്സരിച്ചു. രണ്ട് തവണയും വിജയിച്ചു. ആദ്യത്തേതിനേക്കാൾ മികച്ച വിജയം രണ്ടാമത്തേതിൽ നേടി. 2016-ൽ ലഭിച്ചതിനേക്കാൾ ദശലക്ഷക്കണക്കിന് വോട്ടുകൾ 2020ൽ കിട്ടുകയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന പ്രസിഡന്റാകുകയും ചെയ്തു. നമ്മുടെ രാജ്യത്തിന്‍റെ വിജയത്തിനും സുരക്ഷിതത്വത്തിനും മഹത്വത്തിനും വേണ്ടി ഒരുപക്ഷേ ഞാനത് ചെയ്യേണ്ടിവരും’ -മത്സരിക്കുന്നതിനെ കുറിച്ച് സൂചന നൽകിക്കൊണ്ട് ട്രംപ് പറഞ്ഞു.

കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ക്യാപിറ്റോൾ ഹിൽ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഹൗസ് സെലക്ട് കമ്മിറ്റി ആജ്ഞാപത്രം നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം.