തിരുവനന്തപുരം: ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ നിയമ പോരാട്ടത്തിനിറങ്ങി സര്‍വകലാശാല വി.സിമാര്‍. ഗവര്‍ണര്‍ക്കെതിരെ വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് അടിയന്തിര സിറ്റിംഗിലൂടെ വിസിമാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 9 വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസിമാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു.

രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നോട്ടീസ് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹൈക്കോടതി ശേഖരിച്ചിട്ടുണ്ട്. സിറ്റിംഗില്‍ വിസിമാര്‍ അവരുടെ നിലപാട് കോടതിയെ അറിയിക്കും. സര്‍വ്വകലാശാല വിഷയം പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് മുഖേനയാണ് വി.സിമാര്‍ ഹര്‍ജി നല്‍കിയത്. ദീപാവലി ആയതിനാല്‍ ഇന്ന് കോടതിയ്ക്ക് അവധി ദിനമാണ്. എന്നാല്‍ നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് അവധിദിനത്തിലും പ്രത്യേക സിറ്റിംഗ്വെച്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത്.