മുംബൈ: ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 40 എംഎല്‍എമാരില്‍ 22 പേരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം മുഖപത്രമായ സാമ്ന. ബിജെപിയുടെ താത്കാലിക ക്രമീകരണങ്ങളുടെ ഭാഗമായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ തുടരുന്നതെന്നും സാമ്നയിലെ പ്രതിവാര കോളത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഷിന്‍ഡെയുടെ മുഖ്യമന്ത്രി യൂണിഫോം എപ്പോള്‍ വേണമെങ്കിലും അഴിയുമെന്ന് എംഎല്‍എമാര്‍ക്ക് മനസ്സിലായി. അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ ഷിന്‍ഡെയുടെ ഗ്രൂപ്പ് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ അത് ഒഴിവാക്കിയത് ബിജെപിയാണെന്നും ലേഖനം ആരോപിക്കുന്നു. 

‘മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത്, സര്‍പഞ്ച് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം തെറ്റാണ്. ഷിന്‍ഡെ ഗ്രൂപ്പിലെ 22 എംഎല്‍എമാരെങ്കിലും അസ്വസ്ഥരാണ്. ഈ എംഎല്‍എമാരില്‍ ഭൂരിഭാഗവും ബിജെപിയില്‍ ലയിക്കും,”- കോളത്തില്‍ പറയുന്നു.

ശിവസേനയുടെ പാരമ്പര്യത്തിനും മഹാരാഷ്ട്രയുടെ ഖ്യാതിക്കും ഷിന്‍ഡെ വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തെ ജനങ്ങള്‍ അദ്ദേഹത്തോട് പൊറുക്കില്ലെന്നും സാമ്നയിലെ ലേഖനത്തില്‍ പറയുന്നു. സ്വന്തം നേട്ടത്തിനായി ബിജെപി ഷിന്‍ഡെയെ ഉപയോഗിക്കുന്നത് തുടരുമെന്നും ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സേന മുഖപത്രത്തില്‍ അവകാശപ്പെട്ടു.

ഷിന്‍ഡെ ഗ്രൂപ്പിലെ 40 എംഎല്‍എമാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സിഎംഒയുടെ നിയന്ത്രണത്തിലാണ് തങ്ങളെന്നും അവകാശപ്പെട്ട ബിജെപി നേതാവുമായുള്ള സംഭാഷണവും കോളത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി ഷിന്‍ഡെയാണ് ആ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും കോളത്തില്‍ പറയുന്നു.