മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് യു.എൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഗുട്ടറസ് ഇന്ത്യയിലെത്തിയത്. മുംബൈ താജ്മഹൽ പാലസിലെ സ്മാരകം സന്ദർശിച്ച അദ്ദേഹം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർ ലോകത്തിന്‍റെ നായകരാണെന്നും പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും യു.എൻ സെക്രട്ടറി ജനറലിനെ അനുഗമിച്ചിരുന്നു. വ്യാഴാഴ്ച, ഗുജറാത്തിലെ കെവാഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മിഷൻ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഗുട്ടറസ് പങ്കെടുക്കും. രാജ്യത്തിലെ ആദ്യത്തെ സൗരോർജ ഗ്രാമമായ മൊദേരയും അദ്ദേഹം സന്ദർശിക്കും.

ജനുവരിയിൽ രണ്ടാമതും യു.എൻ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്ത ശേഷം ഇതാദ്യമായാണ് ഗുട്ടറസ് ഇന്ത്യ സന്ദർശിക്കുന്നത്. 2018ലാണ് ആദ്യമായി അദ്ദേഹം ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്.