ന്യൂയോർക്: ചിക്കന്‍ ബിരിയാണി നല്‍കിയില്ലെന്നാരോപിച്ച് റസ്റ്റാറന്റിന് തീയിട്ട 49കാരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ബംഗ്ലാദേശി റസ്‌റ്റാറന്റായ ഇറ്റാടി ഗാര്‍ഡന്‍ ആന്‍ഡ് ഗ്രില്ലിനാണ് ചോഫൈൽ നോർബു തീയിട്ടത്.

തീയിട്ട കാര്യം നോർബു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ​”ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. സമയമേറെ കഴിഞ്ഞിട്ടും അവർ ബിരിയാണി നൽകിയില്ല. ദേഷ്യം തീർക്കാൻ പിറ്റേന്ന് രാത്രി കടക്ക് തീവെക്കുകയായിരുന്നു”-എന്നാണ് നോർബു പൊലീസിനോട് പറഞ്ഞത്.

ഒരു കുപ്പി പെട്രോൾ വാങ്ങി കടക്കു മുകളിലൂടെ ഒഴിച്ച ശേഷം തീ​കൊളുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ന്യൂയോർക് അഗ്നിശമന വകുപ്പാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. രാത്രി റസ്റ്റാറന്റ് അടച്ച സമയത്തായിരുന്നു തീയിട്ടത്.