ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒൻപത് മണിക്കൂർ നേരമാണ് സിബിഐ ചോദ്യം ചെയ്തത്. തന്റെ ചോദ്യം ചെയ്യൽ അവസാനിച്ചയുടൻ ബിജെപിയ്‌ക്കെതിരെ ആരോപണവുമായയി സിസോദിയ രംഗത്തെത്തി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ സമ്മർദ്ദം ചെലുത്തിയതായാണ് സിസോദിയയുടെ ആരോപണം. 

രാത്രി വൈകി നടത്തിയ സിസോദിയയുടെ ആരോപണത്തിൽ അന്വേഷണ ഏജൻസിയും പ്രതികരിച്ചു. സിസോദിയ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ ഏജൻസി ശക്തമായി നിരാകരിക്കുകയാണ് ഉണ്ടായത്. എഫ്ഐആറിൽ സിസോദിയയ്‌ക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങൾക്കനുസൃതമായ രീതിയിലാണ് ചോദ്യം ചെയ്യൽ നടന്നതെന്നും ആവർത്തിച്ചു.

‘അദ്ദേഹത്തിന്റെ മൊഴി യഥാസമയം പരിശോധിച്ച് അന്വേഷണത്തിന്റെ ആവശ്യകത അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. കേസിന്റെ അന്വേഷണം നിയമപ്രകാരം തുടരുമെന്നും സിബിഐ അറിയിച്ചു. ചോദ്യം ചെയ്യലിൽ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ സമ്മർദം ചെലുത്തിയെന്ന് മനീഷ് സിസോദിയ ആരോപിച്ചു. തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്നും അല്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡൽഹി ഉപമുഖ്യമന്ത്രി അവകാശപ്പെട്ടു. 

എക്‌സൈസ് നയ കേസ് വ്യാജമാണെന്നും ബിജെപിയാണ് കള്ളക്കേസിന് പിന്നിൽ എന്നും ഡൽഹിയിൽ ‘ഓപ്പറേഷൻ ലോട്ടസ്’ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയാണ് സംഭവമെന്നും പറയുന്നു. സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്ക് 40 എഎപി എംഎൽഎമാരെ ആവശ്യമാണെന്നും ഇതിനായി 800 കോടി രൂപ കാവി സംഘടന സൂക്ഷിച്ചിട്ടുണ്ടെന്നും എഎപി നേരത്തെ ആരോപിച്ചിരുന്നു.