ന്യൂഡൽഹി: ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കശ്മീരി പണ്ഡിറ്റ് പുരൺ കൃഷൻ ഭട്ട് കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അനീതിയാണെന്ന് സൂചിപ്പിച്ച മുൻ മുഖ്യമന്ത്രി, ‘നീതി ലഭിച്ചില്ലെങ്കിൽ’ തിരഞ്ഞു പിടിച്ചുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കൊലപാതകങ്ങൾ അവസാനിക്കില്ലെന്ന് പറഞ്ഞു.

‘നീതി ലഭിക്കുന്നത് വരെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അവസാനിക്കില്ല. ആർട്ടിക്കിൾ 370 പ്രകാരമാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നതെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു, എന്നാൽ അത് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നു, എന്തുകൊണ്ടാണ് അത്തരം കൊലപാതകങ്ങൾ നിർത്താത്തത്? ആരാണ് ഉത്തരവാദി’ അബ്ദുള്ള ചോദിച്ചു

56 കാരനായ ഭട്ടിനെ ഷോപ്പിയാനിലെ പൂർവിക സ്വത്തിൽ വെച്ചാണ് ഭീകരർ വെടിവെച്ച് കൊന്നത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ കശ്മീരി പണ്ഡിറ്റിന് ആദ്യം വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ഷോപിയാനിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച പുലർച്ചെയാണ് പുരൺ കൃഷൻ ഭട്ടിനെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് വെച്ച് ആക്രമണം നടത്തിയത്. അദ്ദേഹത്തിന്റെ കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം, ഭീകര സംഘടനയായ കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇനിയും സമാനമായ നിരവധി സംഭവങ്ങളെ കുറിച്ച് സൂചന നൽകുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് കൊലപാതക കാരണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.