നോര്‍ത്ത് കരോലിന: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് വെടിവെയ്പ്പുണ്ടായതെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് അഫിലിയേറ്റ് റിപ്പോര്‍ട്ട് ചെയ്തു. നീളന്‍ തോക്കുമായെത്തിയ ഒരു കൗമാരക്കാരനാണ് വെടിയുതിര്‍ത്തതെന്നും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എത്രയാണെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല, പരിക്കേറ്റവരെ വൈദ്യസഹായത്തിനായി വേക്ക്‌മെഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ അധികൃതര്‍ ഗാരേജില്‍ വളഞ്ഞിട്ടുണ്ടെന്നാണ് വിവരം.അവര്‍ ഷൂട്ടിങ് സൈറ്റിലുണ്ടെന്നും പ്രദേശവാസികളോട് വീട്ടില്‍ തന്നെ തുടരാനും റാലി പോലീസ് അറിയിച്ചു

 ‘ഞാന്‍ മേയര്‍ ബാള്‍ഡ്വിനുമായി സംസാരിക്കുകയും ഈസ്റ്റ് റാലിയിലെ ഷൂട്ടറെ നേരിടാന്‍ സഹായം നല്‍കാന്‍ സംസ്ഥാന നിയമപാലകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഷൂട്ടറെ തടയാനും ആളുകളെ സുരക്ഷിതരാക്കാനും സ്‌റ്റേറ്റ് പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്’ നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ ട്വീറ്റ് ചെയ്തു.