റായ്പൂര്‍: ഛത്തീസ്ഗഢ് ഖനന കേസില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പണം കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.

അറസ്റ്റിലായവരില്‍ സമീര്‍ വിഷ്ണോയ് ഐഎഎസ്, ഇന്ദ്രമണി ഗ്രൂപ്പിലെ സുനില്‍ അഗര്‍വാള്‍, ലക്ഷ്മികാന്ത് തിവാരി എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ, ഒളിവിലായിരുന്ന സൂര്യകാന്ത് തിവാരിയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റു ചെയ്തവരെ മണിക്കൂറുകള്‍ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. 

ഒക്ടോബര്‍ 11ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി അടുപ്പമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വസതികളില്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിന്‍മേല്‍ 40 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായി ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കല്‍ക്കരി അഴിമതിയുമായി ബന്ധമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ടണ്ണിന് 25 രൂപ അനധികൃത കമ്മീഷന്‍ പിരിച്ചെടുക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. സ്രോതസ്സുകള്‍ പ്രകാരം, റായ്പൂര്‍, റായ്ഗഡ്, മഹാസമുന്ദ്, കോര്‍ബ തുടങ്ങിയ ജില്ലകളില്‍  ഇഡി തിരച്ചില്‍ നടത്തി.