യുപി പോലീസ് വെടിവെയ്പ്പില്‍ ബിജെപി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നു. ഉത്തരാഖണ്ഡിലെ ജസ്പൂര്‍ ബ്ലോക്ക് മേധാവിയുടെ ഭാര്യ ഗുര്‍പ്രീത് കൗറാണ് ചൊവ്വാഴ്ച്ച രാത്രി ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ ഓപ്പറേഷനിനിടെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവും ബിജെപി നേതാവുമായ ഗുര്‍താജ് ഭുള്ളര്‍ ഗൂഢാലോചന ആരോപിക്കുകയും സിബിഐ ആന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

‘എന്റെ ഭാര്യക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ക്ക് സിബിഐ അന്വേഷണം വേണം. ഞങ്ങള്‍ ആയുധങ്ങളോ തീയോ ഉപയോഗിച്ചിട്ടില്ല, പകരം ഞങ്ങള്‍ അവ പോലീസിന് കൈമാറി.’ ഇന്ത്യാ ടുഡേയുമായുള്ള സംഭാഷണത്തില്‍ ജസ്പൂര്‍ ബ്ലോക്ക് നേതാവ് ഗുര്‍താജ് ഭുള്ളര്‍ പറഞ്ഞു. ഇതൊരു വലിയ ഗൂഢാലോചനയാണ്. ഞങ്ങളെ ആക്രമിക്കാന്‍ വന്നവരുടെ ഗൂഢാലോചനയാണിത്.കുറ്റം ചെയ്തവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അവര്‍ കാശിപൂര്‍ ആശുപത്രിയില്‍ നിന്ന് പോയെന്നും അദ്ദേഹം പറഞ്ഞു.

50,000 രൂപ പാരിതോഷികം കൈപ്പറ്റിയ ഒരു കുറ്റവാളിയെ പിടികൂടാനാണ് ഉത്തര്‍ പ്രദേശ് പൊലീസ് ഉത്തരഖണ്ഡിലെത്തിയത്. ഉത്തരാഖണ്ഡിലെ അധികാരികള്‍ അറിയാതെയെത്തിയ യുപി പോലീസ് പ്രദേശവാസികളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുകയും കൗര്‍ മരണപ്പെടുകയുമായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുപി പോലീസ് സംസ്ഥാനത്ത് ആരംഭിച്ച ഓപ്പറേഷനെ കുറിച്ച് ഉത്തരാഖണ്ഡ് പോലീസിന് അറിവില്ലായിരുന്നു.