ഇലന്തൂര്‍: ഇലന്തൂരിൽ ദേവീപ്രീതിക്കായി രണ്ടു സ്ത്രീകളെ മൃഗീയമായി ബലികൊടുത്ത ഭഗവൽ സിംഗും ഭാര്യ ലൈലയും വ്യാജ സിദ്ധൻ ഷാഫിയും കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പാചകം ചെയ്തു കഴിച്ചെന്ന വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്നാണ് പ്രതി ലൈല വ്യക്തമാക്കിയത്. കോടതിയിലേക്ക് കൊണ്ടുപോകുമ്പാള്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലൈല മറുപടി പറഞ്ഞത്. മനുഷ്യമാംസം കഴിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന ഒറ്റവാക്കിലായിരുന്നു ലെെല ഉത്തരം നൽകിയത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.

അതിനിടെ കേസിലെ മുഖ്യപ്രതി ഷാഫിയും ലൈലയും ചേര്‍ന്ന് ഭഗവല്‍സിങ്ങിനെ കൊല്ലാനും പദ്ധതിയിട്ടിരുന്നതായി സംശയം പ്രകടിപ്പിച്ച് അന്വേഷണ സംഘം രംഗത്തെത്തി. ഭഗവല്‍സിങ്ങിനെ കൊലപ്പെടുത്തിയശേഷം സ്വത്ത് കൈക്കലാക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പോലീസിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ. അതേസമയം ഇക്കാര്യത്തിൽ സംശയമുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിൽ സത്യമറിയാൻ കഴിയുമെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. 

അതേസമയം ചോദ്യം ചെയ്യലുമായി ഷാഫി ഇപ്പോഴും സഹകരിക്കുന്നില്ലെന്നാണ് വിവരം. പലചോദ്യങ്ങള്‍ക്കും ഇയാള്‍ പഠിച്ചു വെച്ചതുപോലെയുള്ള മറുപടികളാണ് നല്‍കുന്നത്. അതിനാല്‍തന്നെ ഇയാളെ കൂടുതല്‍ ചോദ്യംചെയ്താലേ പലകാര്യങ്ങളിലും വ്യക്തതവരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ബുദ്ധിപൂർവ്വമാണ് ഇയാൾ കൊലപാതകങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. കൊലപാതകം നടന്ന ദിനങ്ങളിൽ ഇയാൾ മൊബെെൽ ഫോൺ ഉപയോഗിച്ചിട്ടില്ല. ഈ ദിനങ്ങളിൽ ഇയാളുടെ ടവർ ലൊക്കേഷൻ മറ്റു സ്ഥലങ്ങളിലാണ് കാണിക്കുന്നത്. 

നരബലിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ലഭിച്ച തെളിവുകളില്‍ സ്ഥിരീകരണം വേണം. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ പ്രതികലെ 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. 

അതേസമയം സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ കാണാതായ  സ്ത്രീകളുടെ തിരോധാന കേസുകളിൽ പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അഞ്ച് വർഷത്തിനിടെ 12 സ്ത്രീകളെയാണ് ജില്ലയിൽ നിന്ന് കാണാതായത്. ഈ തിരോധാനങ്ങൾക്ക് നരബലി കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് അന്വേഷണ സംഘം അറിയിച്ചു. 

ഇതിൽ ആറന്മുള സ്റ്റേഷൻ പരിധിയിൽ മാത്രം മൂന്നു സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റു രണ്ടു സ്ത്രീകളെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഈ പരിധിയിലാണ് നരബലി നടന്ന ഇലന്തൂരും ഉൾപ്പെടുന്നത്. കൊച്ചി നഗര പരിധിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പതിമൂന്ന് സ്ത്രീകളെ കാണാതായ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതിയുടെ വിഹാര ഇടം കൂടിയായിരുന്നു കൊച്ചി. അതുകൊണ്ടുതന്നെ ഈ കേസുകളെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കാനാണ് നീക്കം നടക്കുന്നത്. 

ഏകദേശം രണ്ടുവർഷത്തിലേറെയായി ഭഗവൽ സിംഗിൻ്റെ കുടുംബവുമായി മുഖ്യപ്രതി ഷാഫിക്ക് ബന്ധമുണ്ട്. ഇതിനിടയിൽ ഷാഫി സ്ത്രീകളെ ഇവിടെ എത്തിച്ചിരുന്നോ എന്നുള്ളതാണ് അന്വേഷണ വിധേയമാക്കുന്നത്. അതേസമയം ഇലന്തൂരിലെ അരുംകൊലയ്ക്കു കാരണമായ ആഭിചാര കര്‍മ്മങ്ങളിലേക്ക് ഇവരെ ആരാണ് നയിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനായ വ്യക്തിയായിരുന്നു ഭഗവല്‍ സിങ്. ഭഗവൽ സിങ്ങിനെ അന്ധവിശ്വാസത്തിലേക്ക് നയിച്ചതു ലെെലയാണെന്നുള്ള അഭ്യുഹങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അതിനിടയിലാണ് ഭഗവല്‍ സിങ്ങിൻ്റെ ആദ്യ ഭാര്യയുടെ മരണത്തിന് ഇടയായത് ഇത്തരം ആഭിചാര കര്‍മ്മമാണെന്ന പ്രചാരണം ഉയരുന്നതും. 

ആദ്യ ഭാര്യ മാനസികമായി താളംതെറ്റിയ നിലയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ആദ്യ ഭാര്യയെ ഒഴിവാക്കുകയായിരുന്നുവെന്നും സംസാരമുണ്ട്. ആദ്യ ഭാര്യ മരിച്ചതിനെത്തുടര്‍ന്നാണ് ഭഗവൽ സിങ് ലെെലയെ ഇടപരിയാരത്തുനിന്നു വിവാഹം ചെയ്തത്. രണ്ടു കുട്ടികളുണ്ട്. രണ്ടുപേരും വിദേശത്താണ്. സാമ്പത്തികമായി മുമ്പു നല്ല നിലയിലായിരുന്നു ഈ കുടുംബം. എന്നാല്‍, അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ആഭിചാര കര്‍മ്മത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട്.