ഗുജറാത്ത്: ഗുജറാത്തില്‍ 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍. 
ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (എടിഎസ്) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും (ഐസിജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് ജീവനക്കാരെ പിടികൂടി.

പ്രത്യേക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വെള്ളിയാഴ്ചയും ശനിയാഴ്ചയും ദേശീയ- ഇന്റര്‍നാഷണല്‍ തീര ബോര്‍ഡര്‍ ലൈനിന് സമീപമുള്ള പ്രദേശങ്ങളില്‍ സി 429, സി 454 എന്നീ രണ്ട് ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്ലാസ് കപ്പലുകള്‍ പട്രോളിങിനായി വിന്യസിച്ചിരുന്നു. 

അര്‍ദ്ധരാത്രിയില്‍, ഒരു പാകിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കടലിലേക്ക് സംശയാസ്പദമായി നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ബോട്ട പരിശോധിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ചിലെ ജാഖാവോ തുറമുഖത്ത് എത്തിക്കുകയാണ്. വിശദമായി പരിശോധിച്ചപ്പോളാണ് അഞ്ച്  ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ എന്ന് കരുതുന്ന 50 കിലോ മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുജറാത്തിലെ ഐസിജിയും എടിഎസും നടത്തുന്ന ആറാമത്തെ സംയുക്ത ഓപ്പറേഷനാണിത്. സെപ്റ്റംബര്‍ 14 ന് പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് 40 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു.