ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ രണ്ട് യുവാക്കളെ കൌമരക്കാര്‍ കുത്തിക്കൊന്നു. കേസില്‍  പെൺകുട്ടി ഉൾപ്പെടെ മൂന്ന് പ്രായപൂർത്തിയാകാത്തവരെ പോലീസ് പിടികൂടി. 

സോഷ്യൽ മീഡിയ ആപ്പിൽ ഫോളോവേര്‍സിന്‍റെ എണ്ണത്തിൽ പേരില്‍ പെൺകുട്ടിയും കൊല്ലപ്പെട്ട ഒരാളും തമ്മില്‍ ഇന്‍സ്റ്റഗ്രാമില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ദില്ലി സ്വദേശികളായ സഹില്‍(18), നിഖില്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ബുധനാഴ്ച അർദ്ധരാത്രിയോടെ റോഡിൽ ചോരയൊലിച്ച നിലയിലാണ് യുവാക്കളെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു. ഇവരുടെ ഫോണുകള്‍ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വെളിവായത്. 

ബുധനാഴ്ച രാത്രി 11.30 ഓടെ പെൺകുട്ടി തന്‍റെ സുഹൃത്തുക്കളെ വിളിച്ച് യുവാക്കള്‍ അവളുമായി സംസാരിക്കാന്‍ എത്തുന്നതായി അറിയിച്ചതായി ദില്ലി ഡിസിപി (ഔട്ടർ നോർത്ത്) ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. യുവാക്കള്‍ സ്ഥലത്തെത്തിയപ്പോൾ നാല് പ്രതികൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാക്കളെ അക്രമിച്ചവര്‍ കത്തികാട്ടി ഓടിപോവുകയായിരുന്നു. സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ പിടികൂടി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്.