റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം  മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യ ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് ഊര്‍ജ്ജ വിതരണത്തിലെ തടസ്സം എണ്ണവില വര്‍ദ്ധനവിന് കാരണമാവുകയും ആഗോള ഊര്‍ജ്ജ വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഒരു രാജ്യവും ഇന്ത്യയോട് പറഞ്ഞിട്ടില്ലെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യുഎസ് ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോമുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചയും നടത്തി.

‘ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെ ഉപഭോഗ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റില്ല എന്ന കാരണത്താല്‍ ഇന്ത്യ ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങും. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ എന്നോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉത്തരം ഒരു ഇല്ല എന്നാണ്’, മന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യന്‍ സര്‍ക്കാരിന് ജനങ്ങള്‍ക്ക് ഊര്‍ജം നല്‍കാനുള്ള ധാര്‍മിക കടമയുണ്ട്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളുടെ നയത്തെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍, അതായത് ഊര്‍ജ സുരക്ഷയിലും ഊര്‍ജ്ജത്തിന്റെ വില താങ്ങാവുന്ന രീതിയിലാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, എവിടുന്ന് വേണമെങ്കിലും ഇന്ധനം നിങ്ങള്‍ക്ക് വാങ്ങാം’ എന്നും മന്ത്രി പറഞ്ഞു.

നേരത്തെ, റഷ്യ- യുക്രൈയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യ, റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ യുകെയും യുഎസും വിമര്‍ശിച്ചിരുന്നു.