കാലിഫോര്‍ണിയ: യു.എസില്‍ എട്ടുമാസം പ്രായമായ കുഞ്ഞടക്കം കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു.എട്ട് മാസം പ്രായമുള്ള അരൂഹി ധേരി, അവളുടെ 27 കാരിയായ അമ്മ ജസ്‌ലീൻ കൗർ, അവളുടെ അച്ഛൻ ജസ്ദീപ് സിങ് (36), അമ്മാവൻ അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച മെഴ്‌സ്ഡ് കൗണ്ടിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.പ്രതിയെന്ന് കരുതുന്ന ജീസസ് മാനുവല്‍ സല്‍ഗാഡോ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കൊല്ലപ്പെട്ട ജസ്ദീപ് സിങ് നടത്തുന്ന ട്രക്കിങ് കമ്പനിയില്‍ എത്തുന്നതിന്റെയും അവിടെ നിന്ന് നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യമാണ് പുറത്തുവന്നത്‌.

മാനുവല്‍ സല്‍ഗാഡോ കമ്പനി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് എത്തുന്നതും അവിടെ വെച്ച് മറ്റൊരാളോട് സംസാരിക്കുന്നതും സ്ഥലത്തെ സാഹചര്യം നിരീക്ഷിക്കുന്നതും വീഡിയോയില്‍ ഉണ്ട്. അമന്‍ദീപ് സിങ്ങിന്റെ കൈ പിന്നില്‍ കെട്ടി ട്രക്കില്‍ കയറ്റി. തുടര്‍ന്ന് തിരിച്ചെത്തിയ ഇയാള്‍ കുഞ്ഞിനെ എടുത്തിരുന്ന ജസ്ദീപ് സിങ്ങിനെയും ട്രക്കിലേക്ക് കയറ്റി ഓടിച്ചുപോവുന്നതും കാണാം.

ഉപേക്ഷിക്കപ്പെട്ട കാറിന് തീപിടിച്ചതായി പോലീസ് അറിയിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകൽ പുറത്തായത്. അമൻദീപ് സിങ്ങിന്റെതായിരുന്നു കാർ. ഇയാളുടെ വീട്ടിൽ ആരുമില്ലാതിരുന്നതിനെ തുടർന്ന് പോലീസ് ബന്ധുവിനെ ബന്ധപ്പെട്ടെങ്കിലും കുടുംബത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.

തോട്ടത്തിനടുത്തുള്ള ഒരു കർഷകത്തൊഴിലാളിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എല്ലാ മൃതദേഹങ്ങളും അടുത്തടുത്താണ് കണ്ടെത്തിയത്. അറസ്റ്റിലായ ജീസസ് മാനുവൽ സൽഗാഡോ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.