ലക്കപ്പാറയിലെ വനം, പോലീസ് ഉദ്യോഗസ്ഥർക്ക് വൈകീട്ട് ചാലക്കുടിക്ക് മടങ്ങാൻ മാർഗമില്ലെന്നറിയിച്ചപ്പോൾ കെ.എസ്.ആർ.ടി.സി. പരീക്ഷണാടിസ്ഥാനത്തിൽ ഒരു രാത്രി വണ്ടി ഓടിച്ചു. പലരും പറഞ്ഞു ഇത് മണ്ടത്തരമാണെന്ന്. എന്നാൽ, നാലുവർഷം മുമ്പ് സെപ്റ്റംബർ 30-ന് തുടങ്ങിയ സർവീസ് ഇന്ന് ഏറ്റവും ലാഭത്തിൽ ഓടുന്നവയിലൊന്നായി മാറി. ടൂറിസം ട്രിപ്പ് എന്ന ആശയത്തിനും ഈ വണ്ടി വഴിമരുന്നിട്ടു.

അതിരപ്പള്ളിയുടെയും വാഴച്ചാലിന്റെയും വനസൗന്ദര്യം ആസ്വദിച്ച് അങ്ങോട്ടും ഇങ്ങോട്ടുമായി 180 കിലോമീറ്റർ ഓടുന്ന ഈ രാത്രിവണ്ടിയിലിന്ന് കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. ‘ഒറ്റയാൻ’ എന്ന് പേരിട്ട് സ്റ്റിക്കറും അലങ്കാരങ്ങളും ഒട്ടിച്ച് പൂമാലയും ചാർത്തിയ ഈ വണ്ടിക്ക് ഇന്നുള്ളത് രണ്ടായിരത്തിലധികം ആരാധകർ. ഫാൻസുകാർക്ക് ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയും നാല് വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ട്. പാട്ടുവെച്ച് കാട്ടിലൂടെ ഓടുന്ന ഒറ്റയാന് മ്യൂസിക് സിസ്റ്റം വാങ്ങി നൽകിയതും ഫാൻസുകാർ തന്നെ.

ഒറ്റയാൻ

ഒരു ദിവസം പോലും കാലിയായ സീറ്റുമായി ഓടിയിട്ടില്ല. ലാഭത്തിൽ സർവീസ് നടത്തുന്ന ചുമതല ഫാൻസുകാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായി ഞായറാഴ്ചകളിൽ ഒത്തുകൂടാറുമുണ്ട്. ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്കുള്ള 90 കിലോമീറ്റർ യാത്രയിൽ 60 കിലോമീറ്റർ കൊടുംകാടാണ്.

ചാലക്കുടി ഡിപ്പോയിൽനിന്ന് മലക്കപ്പാറയിലേക്ക് മറ്റ് മൂന്ന് സർവീസുകൾ ഉണ്ടെങ്കിലും രാത്രി കാട്ടിലൂടെ ചാലക്കുടിയിലേക്ക് യാത്രചെയ്യുന്ന ഏക ബസാണ് ഒറ്റയാൻ.പകൽ 12.50-ന് ചാലക്കുടിയിൽനിന്ന് പുറപ്പെട്ട് 4.40-ന് മലക്കപ്പാറയിലെത്തും. തിരികെ 5.10-ന് പുറപ്പെട്ട് രാത്രി 8.50-ന് ചാലക്കുടിയിൽ എത്തും. ഞായറാഴ്ച ഒറ്റയാന്റെ നാലാം വാർഷികം ആഘോഷിക്കുകയാണ്.