കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം 3.25 ന് തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ചു. പൊതു ദർശനം ആരംഭിച്ചു.

പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ നിന്നും പുറത്തുവന്ന ഉച്ചത്തിലുള‌ള മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ തലശേരിയുടെ പ്രിയ സഖാവിന്റെ മൃതദേഹം തലശേരി ടൗണ്‍ ഹാളിലെത്തിച്ചു.

കോടിയേരി ബാലകൃഷ്‌ണന്റെ ഭൗതികശരീരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തലശേരിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ എത്തിച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട പതിനായിരങ്ങളാണ് വഴിയരികില്‍ കാത്തുനിന്ന് അന്തിമോപചാരം അര്‍പ്പിച്ചത്.

തലശേരി ടൗണ്‍ ഹാളിലെത്തിച്ചപ്പോള്‍ ഹാളിനുമുന്നില്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരിയ്‌ക്ക് പൊലീസ് ആദരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മുതിര്‍ന്ന നേതാക്കളും ടൗണ്‍ഹാളില്‍ വച്ച്‌ കോടിയേരിയുടെ ശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. പാ‌ര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും സാധാരണക്കാരുമടക്കം അദ്ദേഹത്തിന് പുഷ്‌പചക്രം സമര്‍പ്പിച്ച്‌ അഭിവാദ്യമര്‍പ്പിച്ചു.

തലശേരി ടൗണ്‍ ഹാള്‍ പരിസരത്ത് ഒത്തുചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയാണ്. പ്രിയ സഖാവിനെ ഒരു നോക്ക് അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമുണ്ടായി. കോടിയേരിയുടെ ഭാര്യ വിനോദിനി അദ്ദേഹത്തിന്റെ മൃതദേഹത്തെ പുണര്‍ന്ന് പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കളും വിനോദിനിയെ ആശ്വസിപ്പിക്കാന്‍ അടുത്തെത്തി. കുടുംബാംഗങ്ങള്‍ വിനോദിനിയെ കൂട്ടിക്കൊണ്ടുപോയി