കൊച്ചി: എറണാകുളം അതിരൂപതയെ വഞ്ചിച്ച അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ അല്മായ മുന്നേറ്റം കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ പരസ്യമായി കത്തിച്ചു.

ജനഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്ന പ്രമേയം എറണാകുളം അതിരൂപതയിലെ 315ഇടവകൾക്ക് വേണ്ടി വികാരിയുടെയും കൈക്കാരൻമാരുടെയും ഒപ്പിട്ട ലെറ്റർ അഡ്മിനിസ്ട്രേറ്റർക്ക് കൊടുത്തിട്ടും അത് കൃത്യമായി വത്തിക്കാനെ ധരിപ്പിക്കാതെ എറണാകുളം അതിരൂപതയിൽ സിനഡ് കുർബാന നടപ്പിൽ വരുത്താനുള്ള മാർ ആൻഡ്റൂസ് താഴത്തിന്റെ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അല്മായ മുന്നേറ്റം പ്രസ്താവിച്ചു. എറണാകുളം അതിരൂപതയിൽ കൽദായ രീതി അഡ്മിനിസ്ട്രേറ്റർ വഴി അടിച്ചേൽപ്പിക്കാനുള്ള സിനഡ് നീക്കം വിശ്വാസികളും വൈദീകരും ജീവൻ കൊടുത്തും പ്രതിരോധിക്കുമെന്ന് അല്മായ മുന്നേറ്റം അറിയിക്കുന്നു.

ഒക്ടോബർ 2ന് കലൂർ റിന്യൂവൽ സെന്ററിൽ ചേരുന്ന ഇടവക പ്രതിനിധി യോഗത്തിന് ശേഷം മുഴുവൻ ഇടവകകളും മാർ ആൻഡ്റൂസ് താഴത്തിന്റെ സർക്കുലർ കൊച്ചി കോർപറേഷൻ വേസ്റ്റ് ബോക്സിൽ നിക്ഷേപിക്കും. അത് കൂടാതെ സർക്കുലർ പള്ളികളിൽ വായിക്കണമെന്ന് പറഞ്ഞിരിക്കുന്ന ഒക്ടോബർ 9ന് എറണാകുളം അതിരൂപതയിലെ മുഴുവൻ പള്ളികളിലും പരസ്യമായി കത്തിച്ചു വിശ്വാസികളുടെ പ്രതിഷേധം അറിയിക്കുമെന്ന് അല്മായ മുന്നേറ്റം അറിയിച്ചു.

ഇന്ന് ബിഷപ്പ് ഹൗസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ഷൈജു ആന്റണി വിഷയം അവതരിപ്പിച്ചു. തങ്കച്ചൻ പേരയിൽ, പ്രകാശ് പി ജോൺ, ജിജി പുതുശേരി, ബെന്നി വാഴപ്പിള്ളി എന്നിവർ നേതൃത്വം നൽകി.