കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഹൈക്കോടതി. പിഎഫ്‌ഐ ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട  5 കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കാനും തുക കെട്ടി വച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഹര്‍ത്താലില്‍ കേരളത്തിലുണ്ടായ മുഴുവന്‍ കേസുകളിലും അബ്ദുള്‍ സത്താറിനെ പ്രതിയാക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തുക നല്‍കിയ ശേഷമേ ജാമ്യം നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു. മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്‌.