പാട്ന: സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച സ്‌കൂള്‍ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് ബിഹാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ജോത് കൗര്‍. ഇന്ന് നിങ്ങള്‍ സാനിറ്ററി പാഡുകള്‍ ആവശ്യപ്പെടുന്നു, നാളെ നിങ്ങള്‍ കോണ്ടം ആവശ്യപ്പെടുമെന്നായിരുന്നു മറുപടി. ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് സംഭവം. 

അവശ്യസാധനങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാന്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ധാരാളം സൗജന്യങ്ങള്‍ നല്‍കുന്നുണ്ട്. 20-30 രൂപ വിലയുള്ള സാനിറ്ററി പാഡുകള്‍ അവര്‍ക്ക് തരാനാകില്ലേ എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ചോദ്യം.  

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് എന്തെങ്കിലും അവസാനമുണ്ടോ എന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥ കൂടിയായ ഹര്‍ജോത് കൗറിന്റെ മറുപടി. ‘നാളെ ജീന്‍സും മനോഹരമായ ഷൂസും സര്‍ക്കാര്‍ നല്‍കണമെന്ന് നിങ്ങള്‍ പറയും. അവസാനം, കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങള്‍ക്കും സൗജന്യ കോണ്ടം വേണമെന്നും ആവശ്യപ്പെടും’- ഹര്‍ജിത് കൗര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ എന്തിനാണ് സര്‍ക്കാരില്‍ നിന്ന് വേണമെന്ന് പറയുന്നത്, ഈ ചിന്ത തെറ്റാണെന്നും ഹര്‍ജോത് കൗര്‍ പറഞ്ഞു. പിന്നാലെ വോട്ടിന് വേണ്ടി തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാര്‍ പലതും വാഗ്ദാനം ചെയ്യുന്നുവെന്ന് പെണ്‍കുട്ടികള്‍ തിരിച്ചടിച്ചു. എന്നാല്‍ വോട്ട് നല്‍കണ്ട, പാകിസ്ഥാനാകൂ എന്നായിരുന്നു ഹര്‍ജോത് കൗറിന്റെ മറുപടി.