ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയെന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം നടന്നത്. പാര്‍ത്തിയുടെ പതാകയും വാര്‍ത്താ സമ്മേളനത്തില്‍ ഗുലാം നബി ആസാദ് അവതരിപ്പിച്ചു. ഒരു മാസം മുമ്പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത്. നേതൃത്വത്തിനെതിനെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഗുലാം നബി പാര്‍ട്ടി വിട്ടത്.

സ്വതന്ത്ര്യമായ ചിന്തകളും പ്രത്യയശാസ്ത്രങ്ങളുമുള്ള പാര്‍ട്ടിയായിരിക്കും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി, ഒരു ജനാധിപത്യ പാര്‍ട്ടിയായിരിക്കുമിതെന്നും ഗുലാം നബി ആസാദ് അവകാശപ്പെട്ടു. നീലയും വെളുപ്പും മഞ്ഞയും നിറത്തിലുള്ളതാണ് പാര്‍ട്ടി പതാക. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഇനി മുന്‍ഗണന, തെരഞ്ഞെടുപ്പ് ഏത് നിമിഷവും ഉണ്ടാകും. സജീവമായി രാഷ്ട്രീയത്തിലുണ്ടാകുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഉര്‍ദുവിലും സംസ്‌കൃതത്തിലുമടക്കം 1500 പേരുകളാണ് പുതിയ പാര്‍ട്ടിക്കായി ലഭിച്ചത്. ജനാധിപത്യം, സമാധാനം, സ്വാതന്ത്ര്യം എന്നിവയില്‍ ഊന്നിയ പേരാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. ജാതിയോ മതയോ അടിസ്ഥാനമാക്കിയുള്ളതല്ല തങ്ങളുടെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 26നാണ് 73കാരനായ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു.