ന്യൂഡല്‍ഹി: ഐടി വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ തട്ടിപ്പ് നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) .ഔദ്യോഗിക പേജിലൂടെയാണ് മന്ത്രാലയം യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മ്യാന്‍മറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രാലയും ഉപദേശം നല്‍കുന്നത്. തായ്‌ലന്റില്‍ ‘ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്’ തസ്തികകളിലേക്ക് എന്നു പറഞ്ഞ് ഇന്ത്യന്‍ യുവാക്കള്‍ക്ക് ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്യുന്ന റാക്കറ്റുകള്‍ വാസ്തവത്തില്‍ കോള്‍സെന്റര്‍, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളാണ് നടത്തുന്നത്. 
. .
ഐടി വൈദഗ്ധ്യമുള്ള യുവാക്കളെയാണ് അവര്‍ ലക്ഷ്യമിടുന്നത്, ഇതിനായി സാമൂഹ്യ മാധ്യമ പരസ്യങ്ങളിലും ദുബായി- ഇന്ത്യ ആസ്ഥാനമായുള്ള ഏജന്റുകളിലൂടെയും തായ്‌ലന്റില്‍ ഡേറ്റാ എന്‍ട്രി ജോലികളുടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഇരകളെ അതിര്‍ത്തി കടത്തി അനധികൃതമായി മ്യാന്‍മറിലേക്ക് കൊണ്ടുപോകുകയും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്രോതസ്സുകളിലൂടെയോ പ്രചരിക്കുന്ന ഇത്തരം വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് എംഇഎ ഉപദേശിച്ചു. തൊഴില്‍ ആവശ്യങ്ങള്‍ക്കായി ടൂറിസ്റ്റ്/വിസിറ്റ് വിസയില്‍ യാത്ര ചെയ്യുകയോ വിദേശ തൊഴില്‍ ഓഫര്‍ സ്വീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് റിക്രൂട്ടിങ് ഏജന്‍സിയെക്കുറിച്ചും കമ്പനിയെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും  എംഇഎ കൂട്ടിച്ചര്‍ത്തു.