ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച ഇന്ന് നടക്കും. അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഗെലോട്ട് സ്ഥാനമൊഴിഞ്ഞാല്‍ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് യോഗം ചര്‍ച്ച ചെയ്തേക്കും.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍. ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന്‍ പൈലറ്റിനാണ്. എന്നാല്‍ സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിലാണ് അശോക് ഗെലോട്ട്. തന്റെ വിശ്വസ്തനായ സി.പി ജോഷി അടക്കമുള്ളവരുടെ പേരാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

അതേസമയം, അശോക് ഗെലോട്ട് പാര്‍ട്ടി അധ്യക്ഷനാകുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്താല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ തങ്ങള്‍ എതിര്‍ക്കില്ലെന്ന് ബിഎസ്പിയായി മാറിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര ഗുധ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിനായി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ മൂന്ന് ദിവസമായി രാജസ്ഥാനിലെ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരുമായും സംവദിച്ചതായാണ് വിവരം.