ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന റാലിയെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ കേരളത്തില്‍ നിന്ന് അറസ്റ്റിലായ പിഎഫ്‌ഐ അംഗം ഷഫീഖ് പൈത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ പട്ന റാലിയായിരുന്നു തന്റെ ലക്ഷ്യമെന്നും റാലിക്കിടെ സമാധാനഅന്തരീക്ഷം തകര്‍ക്കാനാണ് പിഎഫ്‌ഐ നേതാക്കള്‍ ശ്രമിച്ചതെന്നും ഷെരീഫ് പറയുന്നു. ഇതിനായി ബാനര്‍ പോസ്റ്ററുകളും ഇവര്‍ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷം ജൂലൈ 12 ന് ആയിരുന്നു പ്രധാനമന്ത്രിയുടെ പട്നയിലെ റാലി. 

ഒരു വര്‍ഷത്തിനിടെ 120 കോടിയോളം രൂപ പിഎഫ്‌ഐയുടെ അക്കൗണ്ടില്‍ വന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം അക്കൗണ്ടില്‍ വന്ന തുകയുടെ ഇരട്ടി പണമായി പിരിച്ചെടുത്തു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നു മാത്രമല്ല, വിദേശത്തുനിന്നും കോടിക്കണക്കിന് രൂപ സമാഹരിച്ചതായും എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയായിരുന്നു.

ഈ നടപടിക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 106 പേരെ അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഏറെയും. കേരളത്തില്‍ നിന്ന് 22 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തങ്ങളുടെ അജണ്ട പൂര്‍ത്തീകരിക്കാന്‍ അര ഡസനിലധികം ഇത്തരം സംഘടനകള്‍ പിഎഫ്‌ഐ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം.