ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ഉന്നത നേതാക്കളുടെ ഭീകരവാദ ബന്ധം സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ഉദ്ദേശത്തോടെ  മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന നിര്‍ണായക വിവരമാണ് മന്ത്രാലയത്തിന് ലഭിച്ചത്‌. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിഎഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അടിയന്തര ഓപ്പറേഷന്‍ നടത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടത്.

PFI നേതാക്കളും അംഗങ്ങളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ഇന്ത്യയ്ക്കകത്തും വിദേശത്തും ബാങ്കുകള്‍, ഹവാല നെറ്റ്വര്‍ക്കുകള്‍ എന്നിവയിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംഭാവനകള്‍ നല്‍കുന്നതായും കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പിഎഫ്ഐ അംഗങ്ങളായ അന്‍സാദ് ബദ്റുദ്ദീന്‍, മൗദ് അഹമ്മദ് എന്നിവര്‍ക്ക് വിവിധ പിഎഫ്ഐ അക്കൗണ്ടുകളില്‍ നിന്ന് പണം ലഭിച്ചതായും കണ്ടെത്തി.

ഒരു ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചനയ്ക്കൊപ്പം, പൊതുസമൂഹത്തിന്റെ മനസ്സില്‍ ഭീതി പരത്തുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പിലും PFI അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. സംഘടനയിലെ ഏതാനും അംഗങ്ങള്‍ മറ്റ് അംഗങ്ങള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിശീലനം നല്‍കുന്നതായും കണ്ടെത്തി. കുറ്റാരോപിതരായ പിഎഫ്ഐ അംഗങ്ങളില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും സമൂഹത്തില്‍ സാമുദായിക പൊരുത്തക്കേടുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നും രഹസ്യാന്വേഷണ വിവരങ്ങളില്‍ വെളിപ്പെടുത്തുന്നു.