ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അവര്‍ക്കായി സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കാനും തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. തിരഞ്ഞെടുപ്പ് നടപടികളില്‍ വലിയൊരു മാറ്റത്തിനുള്ള നിര്‍ദ്ദേശമാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൊവിഡ് കാലത്ത് കൂടുതല്‍ പേര്‍ക്ക് ഇതിനുള്ള സൗകര്യം നല്‍കി. 

എന്നാല്‍, പോസ്റ്റല്‍ ബാലറ്റ് ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. നിലവില്‍ പോസ്റ്റല്‍ ബാലറ്റ് വാങ്ങി പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു ചെയ്ത് തിരികെ നല്‍കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാല്‍ മതി എന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷന്‍ പറയുന്നത്. വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണിക്ക് മുമ്പായി റിട്ടേണിംഗ് ഓഫീസറുടെ അടുത്ത് എത്തുന്ന തരത്തിലായിരുന്നു ബാലറ്റ് പേപ്പറുടെ സജ്ജീകരണം നടത്തിയിരുന്നത്.  

1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ റൂള്‍ 18 ഭേദഗതി ചെയ്യേണ്ടതുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ അനാവശ്യ സ്വാധീനം, ഭീഷണി, കൈക്കൂലി, മറ്റ് അനാശാസ്യ മാര്‍ഗങ്ങള്‍ എന്നിവ കുറയ്ക്കാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും. സെപ്തംബര്‍ 16ന് ചേര്‍ന്ന കമ്മീഷന്‍ പ്ലീനറി യോഗത്തിലാണ് ഇത് സംബന്ധിച്ച് നിയമ മന്ത്രാലയത്തിന് ശുപാര്‍ശ അയക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്. 

ഡ്യൂട്ടി കഴിഞ്ഞാല്‍ പോലും ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് കൈയ്യില്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കും. ബാലറ്റ് കാട്ടി വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പലയിടത്തു നിന്നും കമ്മീഷന് കിട്ടി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പകുതിയിലധികം പോസ്റ്റല്‍ വോട്ടുകളും വോട്ടെണ്ണല്‍ നടക്കുന്നതിന് തൊട്ടു മുന്‍പാണ് തിരികെ എത്തുന്നത്. ഇത് തടയാനാണ് ശുപാര്‍ശ. ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ എത്തി വോട്ടു ചെയ്യാനുള്ള പകരം സംവിധാനം ഒരുക്കാം എന്നാണ് നിര്‍ദ്ദേശം. 

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 60-ാം വകുപ്പും 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ റൂള്‍ 18-ഉം അനുശാസിച്ച് തപാല്‍ ബാലറ്റ് കൈവശം വയ്ക്കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കാം എന്ന ബദല്‍ നിര്‍ദ്ദേശമാണ് കമ്മീഷന്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്.