ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ (പിഎഫ്‌ഐ), ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തുന്ന റെയ്ഡ് പുരോഗമിക്കുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് 10 ഓളം സംസ്ഥാനങ്ങളിലായാണ് എഎന്‍ഐ ഇന്ന് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തുന്നത്. ഇതിനോടകം പിഎഫ്ഐയുടെ നൂറോളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പിഎഫ്ഐ ചെയര്‍മാന്‍ ഒഎംഎ സലാം, ഡല്‍ഹി പിഎഫ്ഐ മേധാവി പര്‍വേസ് അഹമ്മദ് എന്നിവരെയും അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ താമസസ്ഥലത്തും ഔദ്യോഗിക വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐക്കെതിരേ അന്വേഷണ ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ നടപടിയാണിത്. 200ലധികം എന്‍ഐഎ ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

കേരളത്തിലെ പിഎഫ്ഐയുടെ വിവിധ ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും റെയ്ഡ് നടത്തി. നേതാക്കളുടെ വീടുള്‍പ്പെടെ 50 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്ന് പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ മഞ്ചേരിയിലെ പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ വീടുള്‍പ്പെടെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലും പിഎഫ്‌ഐ ഓഫീസുകളിലും അര്‍ധരാത്രി മുതല്‍ എന്‍ഐഎയും ഇഡിയും റെയ്ഡ് നടത്തുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയ്ഡ് നടക്കുന്നതിനിടെ ഒഎംഎ സലാമിന്റെ മലപ്പുറത്തെ വീടിന് മുന്നില്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.