ലണ്ടൻ: പാശ്ചാത്യൻ രാജ്യങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. ആണവായുധ ഭീഷണി ഇനിയും തുടരുകയാണെങ്കിൽ അതിനെ ശക്തമായിത്തന്നെ പ്രതിരോധിക്കുമെന്ന് റഷ്യ വ്യക്തമാക്കി.

‘രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുകയാണെങ്കിൽ, ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി ലഭ്യമാകുന്ന എല്ലാ മാർഗ്ഗങ്ങളും ഞങ്ങൾ ഉപയോഗിക്കും. ഇത് വീരവാദം പറയുന്നതല്ല” ടെലിവിഷനിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പുതിൻ പറഞ്ഞു. തിരിച്ചടിക്കാൻ റഷ്യയുടെ പക്കൽ നിരവധി ആയുധങ്ങൾ ഉണ്ടെന്ന് ഓർക്കണം. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി റഷ്യ വെറുതെ ബ്ലാക്ക്മെയിലിങ്ങിനായി പറയുന്നതാണ് എന്ന റിപ്പോർട്ടുകൾക്കുള്ള മറുപടിയായാണ് പുതിൻ ഇത് പറഞ്ഞത്.

“നിലവിൽ റഷ്യയെ സംരക്ഷിക്കാൻ വേണ്ടി 20 ലക്ഷം വരുന്ന ശക്തമായ ഒരു സൈന്യമുണ്ട്. യുക്രൈനിൽ സമാധാനമല്ല പാശ്ചാത്യ രാജ്യങ്ങൾക്ക് ആവശ്യം. അവർക്ക് റഷ്യയെ തകർക്കണം എന്ന ലക്ഷ്യമേയുള്ളൂവെന്നും പുതിൻ കുറ്റപ്പെടുത്തി.

റിസർവ് സൈനികരായി സജ്ജരാക്കിയവരെ കൂടി യുദ്ധരംഗത്ത് വിന്യസിക്കാനുള്ള ഉത്തരവും പുതിൻ നൽകിക്കഴിഞ്ഞു. സൈനിക പരിചയമുള്ളവരേയും നിലവിൽ സൈന്യത്തിന്റെ ഭാഗമല്ലാത്ത വിരമിച്ചവരെ അടക്കം സൈനിക സേവനത്തിനായി നിയോഗിച്ചിരിക്കുകയാണ്. റിസർവായി സജ്ജരാക്കിയ 3 ലക്ഷം പേർ കൂടി യുദ്ധമുന്നണിയിൽ അണിചേരുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഉക്രൈനുമായുള്ള യുദ്ധത്തിൽ ഇതുവരെ 5937 സൈനികരെ നഷ്ടപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു അറിയിച്ചു.