തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. എന്നാല്‍ നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ ബാക്കി ആറെണ്ണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് നിലപാടിലാണ് ഗവര്‍ണര്‍. 

ഇതിനിടെ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. ഈ മാസം അദ്ദേഹം കേരളത്തിലേക്ക് മടങ്ങിവരില്ലെന്നാണ് സൂചന. വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവര്‍ണര്‍ രാജ്യതലസ്ഥാനത്തേക്ക് പോകുന്നത്. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്. 

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനിയും സിപിഐയുടെ ജനയുഗവും രംഗത്തെത്തിയിരുന്നു. നിലപാട് വിറ്റ് ബിജെപിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നായിരുന്നു ദേശാഭിമാനി ലേഖനം. പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്. ദേശാഭിമാനിയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രാജ്ഭവനില്‍ ‘ഹൈടെക്’ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. എല്‍ഡിഎഫ് കണ്‍വീനറെയും സിപിഎം നേതാക്കളെയും വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പരിഹസിച്ചു. കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള കണ്‍വീനറുടെ മുന്നണിയാണെന്നായിരുന്നു പരിഹാസം. ഒരു മന്ത്രി രാജിവച്ചത് ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലെന്നും ആക്ഷേപം ഉന്നയിച്ചു. വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരെ ഭരണകൂടവും സിപിഎമ്മും വര്‍ഗ ശത്രുക്കളായി കാണുന്നുവെന്നും കുറ്റപ്പെടുത്തി. 

കണ്ണൂരില്‍ എത്ര കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ചോദിച്ച ഗവര്‍ണര്‍, രാജ്ഭവന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉപദേശിക്കണ്ടതില്ലെന്നും വ്യക്തമാക്കി. സമ്മര്‍ദ്ദ തന്ത്രങ്ങളൊന്നും വിലപ്പോവില്ല. സര്‍ക്കാര്‍ എല്ലാ സീമകളും ലംഘിക്കുകയാണ്. കണ്ണൂര്‍ വിസി നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ താനത് സമ്മതിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത മുഖ്യമന്ത്രി പറഞ്ഞതാണല്ലോ. മുഖ്യമന്ത്രി അയച്ച കത്തുകളും ഗവര്‍ണര്‍ പുറത്തു വിട്ടു. ആദ്യ കത്ത് അയച്ചത് 2021 ഡിസംബര്‍ 8 നാണ്. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു.