കൊല്ലം: ശൂരനാട് ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് സ്ഥാപിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ അഭിരാമി(20) ആണ് മരിച്ചത്. അടുത്ത ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു വീട്ടിലേക്ക് തിരിച്ചെത്തിയ അഭിരാമി ജപ്തി ബോര്‍ഡ് കണ്ട് വിഷമിച്ചിരുന്നു. പിന്നാലെ വിവരം തിരക്കാനായി മാതാപിതാക്കള്‍ ബാങ്കിലേക്ക് പോയ സമയം അഭിരാമി കിടപ്പുമുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. മുറിയിലെ ജനല്‍ കമ്പിയില്‍ ചുരിദാര്‍ ഷാള്‍ കുരുക്കി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

2019ല്‍ കേരള ബാങ്കിന്റെ പതാരം ശാഖയില്‍നിന്ന് 10 ലക്ഷം രൂപയാണ് അജികുമാര്‍ വായ്പ എടുത്തിരുന്നത്. വീടുപണി, അച്ഛന്റെയും ഭാര്യയുടെയും ചികിത്സ തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ബാധ്യതകള്‍ വീട്ടാനായിരുന്നു വായ്പ. എന്നാല്‍ കോവിഡിന് ശേഷം തിരിച്ചടവ് മുടങ്ങി. വിദേശത്തായിരുന്ന അജികുമാറിന്റെ ജോലി നഷ്ടപ്പെട്ടതോടെ സ്ഥിതി കൂടുതല്‍ മോശമായി. ഇതോടെയാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് കടന്നത്. 

പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ എന്നായിരുന്നു മകള്‍ മരിക്കുന്നതിന് മുമ്പ് ചോദിച്ചതെന്ന് അച്ഛന്‍ അജികുമാര്‍ കണ്ണീരോടെ പറയുന്നു. ജപ്തി ബോര്‍ഡ് ബന്ധുക്കളും നാട്ടുകാരും കാണുന്നതിലുള്ള വിഷമം മകള്‍ക്കുണ്ടായിരുന്നു. സര്‍ക്കാര്‍ പതിച്ച ബോര്‍ഡല്ലേ, മാറ്റിയാല്‍ പ്രശ്നമായാലോ എന്നാണ് താന്‍ മറുപടി നല്‍കിയത്. ഞാനാ ബോര്‍ഡ് എടുത്തുമാറ്റിയാല്‍ മതിയായിരുന്നു. എങ്കില്‍ എന്റെ മോള്‍ പോകില്ലായിരുന്നു, അജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അജികുമാറിന്റെ ഭാര്യ ശാലിനി തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അഭിരാമിയിലായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു അഭിരാമി. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. ബന്ധു മരിച്ചതോടെ വീട്ടിലെത്തിയ അഭിരാമി തിങ്കളാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. 

ഇതിനിടെ ബോര്‍ഡ് സ്ഥാപിച്ചത് ജപ്തി ചെയ്യുന്നതിനു വേണ്ടിയല്ലെന്ന് കേരള ബാങ്ക് അധികൃതര്‍ പറഞ്ഞു. കുടിശ്ശിക വരുത്തിയ മറ്റുവീടുകളിലും ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തെ പ്രതീകാത്മക നടപടിയുടെ ഭാഗമായി മാത്രം ഇതിന് കണ്ടാല്‍ മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിരാമിയുടെ ആത്മഹത്യക്ക് പിന്നാലെ ബാങ്ക് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികരണം. വിവിധ സംഘടനകള്‍ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടവും ഇന്ന് നടക്കും.