കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട. കുറുമാത്തൂര്‍ കുനം റോഡിന് സമീപത്തെ ഒരു വീടിനുള്ളിലും ഷെഡ്ഡിലും സൂക്ഷിച്ച 391 കിലോ ചന്ദനം പിടികൂടി. വീട്ടുടമ എം. മധുസൂദനനെ (34) അറസ്റ്റു ചെയ്തു. പിടികൂടിയതില്‍ 275 കിലോ ചന്ദനച്ചീളുകളാണ്. ചന്ദനത്തടി ചെത്തി വില്‍പ്പനയ്ക്ക് ഒരുക്കുകയായിരുന്ന സംഘത്തിലെ രണ്ടുപേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ ശ്രീകണ്ഠാപുരം  സ്വദേശികളാണ് രക്ഷപ്പെട്ടത്. 

രഹസ്യവിവരത്തെ തുടര്‍ന്നാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. രതീശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. പ്രദീപന്‍, ബീറ്റ് ഓഫീസര്‍ പി.പി. രാജീവന്‍, ഡ്രൈവര്‍ ജെ. പ്രദീപ് കുമാര്‍, വാച്ചര്‍മാരായ അനില്‍കുമാര്‍ തൃച്ചംബരം, ഷാജി ബക്കളം എന്നിവര്‍ ചന്ദനം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി രതീശന്‍ പറഞ്ഞു.