തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള രാജ്ഭവനില്‍ വിളിച്ചു ചേര്‍ത്ത ‘ഹൈടെക്’ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിന്റെ പിആര്‍ഡി ദൃശ്യങ്ങള്‍ ഗവര്‍ണര്‍ കാണിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് രാജ്ഭവനല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പിആര്‍ഡിയും ചാനലുകളും പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഐപിസി 124-ാം വകുപ്പ് ഉദ്ധരിച്ചാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. കണ്ണൂരില്‍ നടന്നത് നേരിട്ട് കേസെടുക്കാവുന്ന കുറ്റമാണ്. ഗവര്‍ണറെ ഏതെങ്കിലും വിധം തടയുന്നത് കുറ്റകരമാണ്. അക്രമിക്കുന്നതും തടയുന്നതും ശിക്ഷാര്‍ഹം. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ പോലീസിനെ പിന്തിരിപ്പിച്ചതായും കെ കെ രാഗേഷിനെ ലക്ഷ്യമിട്ട് ഗവര്‍ണര്‍ പറഞ്ഞു. വേദിയില്‍ നിന്നും താഴെ ഇറങ്ങി വന്നാണ് കെ കെ രാഗേഷ് പോലീസിനെ പിന്തിരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ വായിച്ചായിരുന്നു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഗവര്‍ണറെ തടഞ്ഞാലുള്ള ശിക്ഷയാണ് വായിച്ചത്. ചരിത്രകോണ്‍ഗ്രസില്‍ നിശ്ചയിച്ച സമയക്രമം ലംഘിച്ചതായും ഗവര്‍ണര്‍ ആരോപിച്ചു. 45 മിനിട്ട് പരിപാടിക്ക് ഒന്നര മണിക്കൂറുകളോളം ഇരിക്കേണ്ടി വന്നു. ഇര്‍ഫാന്‍ ഹബീബ് സംസാരിച്ചത് ചരിത്രമല്ല. കൂടുതല്‍ സമയമെടുത്താണ് അദ്ദേഹം സംസാരിച്ചത്. അതിന് താന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം ആസൂത്രിതമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധത്തിന് ഡല്‍ഹിയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. കൈയ്യില്‍ വലിയ പ്ലക്കാഡുകളുമായാണ് പ്രതിഷേധക്കാര്‍ ഹാളിനുള്ളില്‍ എത്തിയത്. അഞ്ച് മിനിട്ടു കൊണ്ട് പ്ലക്കാര്‍ഡുകള്‍ ഉണ്ടാക്കാനാകുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. നൂറുകണക്കിന് പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു എന്നും ഗവര്‍ണര്‍ ആരോപിച്ചു. 

രാജ് ഭവന് പുറത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ പോലീസിനെ രാജ്ഭവന് പുറത്ത് വിന്യസിച്ചു. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് രാജ്ഭവന് മുന്നില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി.