തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് സമരം പ്രഖ്യാപിച്ചത്. സമരത്തില്‍ പങ്കെടുക്കുന്ന ആരും ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതലാണ് പണിമുടക്ക്. ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിയ്ക്ക് നോട്ടീസ് നല്‍കി. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫിലുള്ളത്. അതേസമയം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകള്‍ പണിമുടക്കില്ല. 

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം പോലും നല്‍കാനാകാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സത്യങ്ങള്‍ മറച്ചുവെച്ചാണ് ചില സംഘടനകളുടെ പ്രചാരണം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.