താര സംഘടനയില്‍ ആണ്‍ കോയ്മയില്ലെന്ന് ‘അമ്മ’ പ്രവര്‍ത്തക സമിതി അംഗം അന്‍സിബ ഹസന്‍. അര്‍ഹതയുണ്ടെങ്കില്‍ വനിതകള്‍ക്ക് അമ്മയുടെ പ്രസിഡന്റ് ആകാന്‍ കഴിയുമെന്നും അൻസിബ റിയാദില്‍ പറഞ്ഞു.

അമ്മയില്‍ പുരുഷാധിപത്യമില്ല. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്. വൈസ് പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരതും മത്സരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട്. അര്‍ഹതയുണ്ടെങ്കില്‍ വനിതകളെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നും അന്‍സിബ ഹസന്‍ പറഞ്ഞു.

അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തയാണ്. ഡബ്ല്യുസിസി ക്ഷണിച്ചിട്ടില്ല. അവരെ തള്ളാനും കൊള്ളാനും ഒരുക്കമല്ല. സംഘടനകളില്‍ മാത്രമല്ല ലോകം മുഴുവന്‍ പുരുഷാധിപത്യം ഉണ്ടായിരുന്നു. എന്നാല്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.

സൗദി കലാ സംഘം ‘റിയാദ് ബീറ്റ്‌സ്-2022’ പരിപാടിയില്‍ പങ്കെടുക്കാനാണ് അന്‍സിബ റിയാദിലെത്തിയത്. നാളെ റിയാദ് എക്‌സിറ്റ് 30ലെ നവ്‌റാസ് കോണ്‍ഫറന്‍സ് ഹാളിലാണ് വൈകുന്നേരം ഏഴു മുതല്‍ പരിപാടി ആരംഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.