മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുമെന്ന് സൂചന. തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും തീരുമാനം.

2021 സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംങ്  ഈ പാര്‍ട്ടി രൂപീകരിച്ചത്. അദ്ദേഹത്തിന് പകരം ചരണ്‍ജിത് സിങ് ചന്നിയെ നിയമിച്ചു.
പിന്നീട്, 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചിരുന്നു.

117 അംഗ നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടി (എഎപി) വിജയിച്ചപ്പോള്‍ 18 സീറ്റുകള്‍ മാത്രം നേടി കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബിജെപിയെയും ശിരോമണി അകാലിദളിനെയും (എസ്എഡി) എ പി തകര്‍ത്തിരുന്നു. പട്യാല നിയമസഭാ സീറ്റില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ 19,873 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.