2021ല്‍ ഇന്ത്യയിലെ നഗരങ്ങളില്‍ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയത് കൊല്ലം നഗരത്തില്‍. കഴിഞ്ഞ വർഷം ലക്ഷത്തില്‍ 12 പേർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ് കണക്ക്, എന്നാല്‍ കൊല്ലം നഗരത്തില്‍ ഇത് 43 പേരാണ്. നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുതുതായി പുറത്തു വിട്ട റിപ്പോർട്ടിലേതാണ് വിവരങ്ങൾ.

ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര പേർ ആത്മഹത്യ ചെയ്യുന്നു എന്ന് കണക്കാക്കിയാണ് ആത്മഹത്യാ നിരക്ക് കണ്ടെത്തുന്നത്. 11.1 ലക്ഷം പേർ താമസിക്കുന്ന കൊല്ലം നഗരത്തില്‍ കഴിഞ്ഞ വർഷം സംഭവിച്ചത് 487 ആത്മഹത്യകളാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇത്പ്രകാരം 43.9 ആണ് കൊല്ലം നഗരത്തിലെ 2021 ലെ ആത്മഹത്യാ നിരക്ക്. 

പശ്ചിമ ബംഗാളിലെ അസന്‍സോൾ നഗരമാണ് തൊട്ടുപിന്നില്‍. 38.5 ആണ് അസന്‍സോളിലെ ആത്മഹത്യാ നിരക്ക്. കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. ഈ കണക്കില്‍ കേരളം നാലാം സ്ഥാനത്താണ്. 12 കൂട്ട ആത്മഹത്യകളിലായി 26 പേർ 2021 ല്‍ കേരളത്തില്‍ മരിച്ചു. 

33 കൂട്ട ആത്മഹത്യകൾ സംഭവിച്ച തമിഴ്നാടാണ് ഇവിടെ ഏറ്റവും മുന്നിൽ. 2021 ല്‍ രാജ്യത്താകെ 1,64,033 പേരാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 1,53,052 ആയിരുന്നു. 9549 പേരാണ് 2021ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്. 22,207 പേർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിലാണ് സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും മുന്‍പില്‍. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രധാന കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു.