കോൺഗ്രസ് വിട്ട ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ.ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ,ഭൂപീന്ദർ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

വൈകിട്ട് ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കുടിക്കാഴ്ച.പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം.വരുന്ന സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം

അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കില്ലെന്ന് വ്യക്തമായതോടെ ആരാകും പാർട്ടി തലപ്പത്തേക്ക് എത്തുക എന്നതിൽ ആകാംക്ഷ ഇരട്ടിയായി. അധ്യക്ഷ പദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗാന്ധി കുടുംബമില്ലെങ്കില്‍ ജി23 സ്ഥാനാര്‍ത്ഥിയായി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.