തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത് പ്രകാരമുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്‍ സഭയുടെ മേശപ്പുറത്തു വച്ചു. വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്നതാണ് ബില്‍. ഓഗസ്റ്റ് ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് ബില്‍ സബ്ജക്ട് കമ്മിറ്റി പാസാക്കിയത്. ബില്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിയോജന കുറിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ക്കുശേഷം വ്യാഴാഴ്ച ബില്‍ പാസാക്കും.

സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ബില്‍ 2022ല്‍ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലെ കണ്‍വീനറെ തീരുമാനിക്കാനുള്ള ഗവര്‍ണറുടെ അധികാരം ഒഴിവാക്കി. വിസിയുടെ പ്രായപരിധി 60ല്‍ നിന്നും 65 ആക്കി ഉയര്‍ത്തി. സര്‍ക്കാര്‍ തീരുമാനിക്കുന്നയാളെ വിസിയാക്കാന്‍ സേര്‍ച്ച് കമ്മിറ്റിയില്‍ 2 സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി. സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഗവര്‍ണര്‍ പതിവാക്കിയതോടെയാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.