മൊബൈല്‍ ട്രൂകോളര്‍ ആപ്പിനെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സ്വീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. വ്യക്തിയുടെ അനുമതി ഇല്ലാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അങ്കിത് സേതി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

എന്നാല്‍, ഇത്തരത്തിലുള്ള ആപ്പുകളൊക്കെ നിരോധിക്കല്‍ കോടതിയുടെ ജോലിയാണോയെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട് എന്നിവരടങ്ങുന്ന ബെഞ്ച് തിരിച്ചുചോദിച്ചു. ഇത്തരം ആപ്പുകള്‍ക്കെതിരായ എത്ര ഹര്‍ജികള്‍ കേള്‍ക്കേണ്ടിവരുമെന്നും കോടതി ചോദിച്ചു.

ട്രൂകാളര്‍ ആപ്പ് ഉപയോഗിക്കാത്ത ആളുകളുടെ വ്യക്തിവിവരങ്ങള്‍ കൂടി ഈ ആപ്പ് കവരുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടി. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും സേതി ചൂണ്ടികാട്ടി.

എന്നാല്‍, ഇത്തരം ആപ്പുകള്‍ നിരോധിക്കല്‍ തങ്ങളുടെ ജോലിയല്ലെന്ന് കോടതി തീര്‍ത്തു പറഞ്ഞു. പരമോന്നത കോടതി ഇടപെടാന്‍ അനുയോജ്യമായ കേസല്ല ഇതെന്നും കോടതി ചൂണ്ടികാട്ടി. അതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാര്‍ തയാറായി.