വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ റെയ്ഡ് രാജ്യത്ത് വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. മുന്‍ പ്രസിഡന്റിന്റെ കോപവും അനുയായികളുടെ അമര്‍ഷവും ഒരു വശത്ത്. അദ്ദേഹത്തിന്റെ വിമര്‍ശകരുടെ ആഹ്‌ളാദം മറുവശത്ത്. പെട്ടെന്നു നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ എഫ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ കൈകാര്യം ചെയ്തിരുന്ന അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍, പ്രസിഡന്റ്പദം ഒഴിഞ്ഞതിനുശേഷം അദ്ദേഹത്തിന്റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതാകാം റെയ്ഡിനു പിന്നിലെന്ന് അഭ്യൂഹമുണ്ട്.

ഇതുപോലൊരു ദുരനുഭവം അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാര്‍ക്കുണ്ടായിട്ടില്ലെന്ന് ട്രംപ് തുറന്നടിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും സഹകരിച്ചിട്ടുള്ള തന്റെ വസതിയില്‍ നടത്തിയ റെയ്ഡ് അനുചിതവും അനാവശ്യവുമായിരുന്നെന്ന് സുദീര്‍ഘമായ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. നിയമവ്യവസ്ഥയെ ആയുധമണിയിക്കുന്നതും അന്യായമായ അധര്‍മവുമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നതിനെതിരേയുള്ള ഇടത് ജനാധിപത്യ വിഭാഗത്തിന്റെ ആക്രമണവുമാണിതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള കൈയേറ്റം മൂന്നാം ലോകരാജ്യങ്ങളിലാണ് കാണപ്പെടുന്നതെന്നും നിര്‍ഭാഗ്യവശാല്‍ അമേരിക്ക അത്തരത്തിലൊരു രാജ്യമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.