പാലക്കാട്: കേരളത്തിലെ വെള്ളപ്പൊക്കവും മഴക്കെടുതികളും പ്രതിരോധിക്കാൻ 20 ലക്ഷം രൂപ ചെലവഴിച്ച് ഡച്ച് മാതൃക പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയ നെതര്‍ലന്‍ഡ് സന്ദര്‍ശനത്തെ പരിഹസിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. ‘എ​ന്തെങ്കിലും പുരോഗതിയുണ്ടോ, മിസ്റ്റർ മുഖ്യമന്ത്രീ?’ എന്നാണ് നെതര്‍ലന്‍ഡ് സന്ദര്‍ശന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ബൽറാം ചോദിക്കുന്നത്.

ഡച്ച് മാതൃക പഠിക്കാന്‍ 2019 മേയിൽ മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും അഡീ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും അടക്കമുള്ള കേരള സംഘമാണ് നെതര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 20.85 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. 

വെള്ളപ്പൊക്കം തടയാൻ ഡച്ച് മാതൃകയിൽ ‘റൂം ഫോര്‍ റിവര്‍’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈഡ്രോഡൈനാമിക് പഠനത്തിനായി ചെന്നൈ ഐ.ഐ.ടിക്ക് സര്‍ക്കാര്‍ 1.38 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായുണ്ടായ പ്രളയം മുന്നില്‍ കണ്ടാണ് ഡച്ച് മാതൃകയില്‍ റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

നെതര്‍ലന്‍ഡ് സന്ദര്‍ശനം പാഴ്ചെലവാണെന്ന ആരോപണം നേരത്തെതന്നെ പ്രതിപക്ഷം ഉയർത്തിയിരുന്നു. കേരളം വീണ്ടും മഴക്കെടുതി നേരിടാൻ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിക്കെതിരെ ​ബൽറാം പരിഹാസവുമായി രംഗത്തെത്തിയത്. ‘Any progress, Mr Chief Minister?’ എന്നാണ് ബൽറാമിന്റെ ചോദ്യം. തുടർച്ചയായ മഴ​യിൽ രണ്ട് ദിവസം ​കൊണ്ട് മാത്രം 130ഓളം വീടുകളാണ് തകർന്നത്.