നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ.

തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിൽ പ്രോസിക്യൂഷൻ വാദം. ഇക്കഴിഞ്ഞ ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി തള്ളിയത്. നടിയെ ആക്രമിച്ച കേസിൽ 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.