വാഷിംഗ്ടണ്‍: ജീവനക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുഎസ് ആസ്ഥാനമായുള്ള ദളിത് ആക്ടിവിസ്റ്റ് തേന്‍മൊഴി സൗന്ദരരാജന്റെ ഷെഡ്യൂള്‍ ചെയ്ത പ്രസംഗം ഗൂഗിള്‍ റദ്ദാക്കി. തേന്‍മൊഴി പരിപാടിയുമായി മുന്നോട്ട് പോയാല്‍ തങ്ങളുടെ ജീവന് അപകടത്തിലാണെന്ന് അവകാശപ്പെട്ട ജീവനക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗൂഗിള്‍ പ്രഭാഷണം റദ്ദാക്കിയത്. ജീവനക്കാരുടെ സംവേദനക്ഷമതയ്ക്കായുള്ള കമ്പനിയുടെ ഡൈവേഴ്സിറ്റി ഇക്വിറ്റി ഇന്‍ക്ലൂസിവിറ്റി ( ഡി ഇ ഐ ) പ്രോഗ്രാമിന്റെ ഭാഗമായിരുന്നു അവതരണം.

ഇക്വാലിറ്റി ലാബ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തേന്‍മൊഴിയെ ‘ഹിന്ദു ഫോബിക്’ എന്നും ‘ഹിന്ദു വിരുദ്ധന്‍’ എന്നും വിളിച്ച് ഗൂഗിളിന്റെ ജീവനക്കാരുടെ ഗ്രൂപ്പുകള്‍ കമ്പനി ഇന്‍ട്രാനെറ്റ് വഴി ഇമെയിലുകള്‍ അയച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടി റദ്ദാക്കിയത് ഗൂഗിളിനുള്ളിലെ ഹിന്ദു അനുകൂല ഗ്രൂപ്പുകളുടെ പ്രചാരണത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, തേന്‍മൊഴിയുടെ പ്രഭാഷണത്തെ എതിര്‍ത്ത ഗൂഗിളിലെ ജീവനക്കാര്‍ ‘ജാതി സമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവരുടെ ജീവന്‍ അപകടത്തിലാക്കുന്നു’ എന്ന് അവകാശപ്പെട്ടു. 8,000 പേരുള്ള ദക്ഷിണേഷ്യന്‍ ജീവനക്കാരുടെ ഗ്രൂപ്പിലേക്കാണ് മെയില്‍ പോയതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരിപാടിയിലേക്ക് തേന്‍മൊഴിയെ ക്ഷണിച്ച ഗൂഗിള്‍ ന്യൂസ് സീനിയര്‍ മാനേജര്‍ തനൂജ ഗുപ്ത പരിപാടി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ പ്രഭാഷണം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗന്ദരരാജന്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയെങ്കിലും അത് വിജയം കണ്ടില്ല.

യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ ചാപ്റ്ററുകളുള്ള അംബേദ്കറൈറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന തേന്‍മൊഴി, ആഗോളതലത്തില്‍ ജാതി വിരുദ്ധ പ്രചാരകയാണ് ഇവര്‍. കൂടാതെ ഈ ദക്ഷിണേഷ്യന്‍ സാമൂഹിക വേര്‍തിരിവ് സമ്പ്രദായത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.