പല സ്ത്രീകള്‍ക്കും ഏറ്റവും പ്രയാസമേറിയ ദിവസമായിരിക്കും ആര്‍ത്തവത്തിന്റെ ആദ്യനാളുകള്‍.

കഠിനമായ ആര്‍ത്തവ വേദന കാരണം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ജോലിക്ക് പോകാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകളുടെ അവസ്ഥ മനസിലാക്കി എല്ലാ മാസവും മൂന്നു ദിവസം ആര്‍ത്തവാവധി നല്‍കാന്‍ ഒരുങ്ങുകയാണ് സ്പാനിഷ് സര്‍ക്കാര്‍.

ഇതോടെ ജോലിക്കിടെ ആര്‍ത്തവ വേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ‘ആര്‍ത്തവ അവധി’ നല്‍കുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായി സ്പെയിന്‍ മാറുകയാണ്. അടുത്തയാഴ്ച ഇതിന് സര്‍കാര്‍ അംഗീകാരം നല്‍കുമെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപോര്‍ടുകള്‍. ജപാന്‍, ദക്ഷിണ കൊറിയ, ഇന്‍ഡോനേഷ്യ, സാംബിയ തുടങ്ങി വിവിധ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ആര്‍ത്താവവധി അനുവദിച്ചിട്ടുണ്ട്.

അടുത്ത ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പാസാക്കാനിരിക്കുന്ന പുതിയ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതിന് പുറമെ ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചതായി പാശ്ചാത്യമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.