ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവെച്ചു.

ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍.പി.പി നമ്ബൂതിരിപ്പാട് രാജിവെച്ചത്. മന്‍സിയക്ക് അവസരം നിഷേധിച്ചതില്‍ ക്ഷേത്ര ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകരുടെ വിശദീകരണം.

അതെ സമയം മന്‍സിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നു. മതത്തിന്‍്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല പറഞ്ഞു. വിശ്വാസികളായ അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്‌ ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന് ഹിന്ദു ഐക്യവേദി നിവേദനം നല്‍കി.

മലപ്പുറം വള്ളുവമ്ബ്രം സ്വദേശിനിയാണ് മന്‍സിയ. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.