ഖത്തര്‍ ലോകകപ്പ് യോഗ്യത ഉറപ്പിച്ച്‌ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും. ഇന്ന് പുലര്‍ച്ചെ നടന്ന യോഗ്യത മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.

റൊണാള്‍ഡോയ്ക്കും സംഘത്തിനും വളരെ നിര്‍ണായകമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെര്‍ണാണ്ടസ് മത്സരത്തില്‍ തിളങ്ങി. 32 ആം മിനുട്ടില്‍ റൊണാള്‍ഡോയോടൊപ്പം നടത്തിയ മുന്നേറ്റത്തില്‍ ബ്രൂണോ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ 65 ആം മിനുട്ടില്‍ ജോട്ടയുടെ പാസില്‍ നിന്നും നേടി ബ്രൂണോ പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ഗോള്‍ നേടുവാനായില്ലെങ്കിലും ഗോളിനവസരം ഒരുക്കി സൂപ്പര്‍താരം റൊണാള്‍ഡോയും കളിയില്‍ തിളങ്ങി. താരത്തിന്റെ അഞ്ചാം ലോകകപ്പാണിത്.